ബലാത്സംഗക്കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തു
മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയക്കും

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ അറസ്റ്റിൽ. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. വിവാഹ വാഗ്ദാനം നൽകി അഞ്ചു തവണ പീഡിപ്പിച്ചു വെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.
എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ ക്കേസിൽ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.ലൈംഗിക ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം വേടൻ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയിൽ നടന്ന സംഗീത പരിപാടിയിലാണ് വേടൻ പങ്കെടുത്തത്. താൻ എവിടെയും പോയിട്ടില്ലെന്ന് വേടൻ പരിപാടിക്കിടെ പറഞ്ഞു.ഒരുപാട് ആളുകൾ വിചാരിക്കുന്നത് വേടൻ എവിടെയോ പോയി എന്നാണ്. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെൻ്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ചു മരിക്കാൻ തന്നെയാണ് വന്നിരിക്കുന്നത്': എന്നാണ് വേടൻ പറഞ്ഞത്. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടൻ്റെ സംഗീത പരിപാടി അരങ്ങേറിയത്.