headerlogo
recents

ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഖത്തറി സുരക്ഷാ ഉദ്യോ​ഗസ്ഥനും ഖാലിദ് അൽ-ഹയ്യയുടെ മകനും ഉൾപ്പെടുന്നതായി റിപ്പോർട്ട്

 ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
avatar image

NDR News

10 Sep 2025 06:53 AM

ദോഹ: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രധാന നേതാക്കളെല്ലാം സുരക്ഷിത ആണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഖത്തറി സുരക്ഷാ ഉദ്യോ​ഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ ഹമാസിൻ്റെ പ്രധാന നേതാക്കൾ ഇസ്രയേൽ ലക്ഷ്യം വെച്ച കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അധിനിവേശത്തിന്റെ ക്രിമിനൽ സ്വഭാവവും ഒരു കരാറിലെത്താനുള്ള സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഇസ്രയേലിൻ്റെ ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് ഇസ്രയേലിൻ്റെ ആക്രമണമെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇതിനിടെ ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥരീകരിച്ചിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. ഹമാസ് നേതൃത്വത്തിനെതിരെ ഇന്ന് നടന്ന ഓപ്പറേഷൻ പൂർണ്ണമായും ഇസ്രയേൽ നടത്തിയതാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത്. 'ഇസ്രയേലാണ് അതിന് മുൻകൈ എടുത്തത്, ഇസ്രയേലാണ് നടപ്പിലാക്കിയത്, ഇസ്രയേൽ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നും' പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. 

    ഖത്തറിൽ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ ഡിഫൻസ് ഫോഴ്സും രം​ഗത്ത് വന്നിരുന്നു. ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ സാധാരണ പൗരന്മാർക്ക് പരിക്കേൽക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

 

 

NDR News
10 Sep 2025 06:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents