കോഴിക്കോട്ട് ആറ് ലക്ഷത്തിലധികം രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
അരയിടത്ത് പാലത്തിന് സമീപം വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്

കോഴിക്കോട്: വിപണിയിൽ വരുന്ന ആറ് ലക്ഷത്തിലധികം രൂപ വില 450 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശ്ശേരി താഴെപ്പോയിൽ ടിപി മുഹമ്മദ് ഷഫീഖാണ് എക്സൈസിൻ്റെ പിടിയിലായത്. 'കുഷ്' എന്ന പേരിൽ അറിയപ്പെടുന്ന ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഈ കഞ്ചാവ് മലേഷ്യയിൽ നിന്ന് ബംഗളൂരു വഴി കൊടുവള്ളിയിലേക്കാണ് ഇയാൾ എത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.കോഴിക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പ്രഹ്ളാദനും സംഘവും ചേർന്ന് അരയിടത്ത് പാലത്തിന് സമീപം വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ ഓർഡർ സ്വീകരിച്ചാണ് വിൽപന നടത്തിയത്. പ്രതി ഏറെ നാളായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അതിനിടെ മലപ്പുറത്ത് രണ്ടിടങ്ങളിലായി എക്സൈസ് പരിശോധനയിൽ 12.28 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. പുൽപ്പറ്റയിൽ 5.68 ഗ്രാം മെത്താംഫിറ്റമിനുമായി രഞ്ജുമോനും കാവനൂരിൽ 6.6 ഗ്രാം മെത്താംഫിറ്റമിനുമായി ഷാജി.കെ.കെയാണ് പിടികൂടിയത്. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ നാസറും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ ടി.ഷിജു മോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷബീർ അലി, സച്ചിൻദാസ്, അഖിൽദാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്‌ദുറഹ്മാൻ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.