കുന്നംകുളത്ത് ആംബുലൻസ് ഡ്രൈവർമാർ ഏറ്റുമുട്ടി; ഒരാൾക്ക് പരുക്ക്
ഇരുവരും തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു

കുന്നംകുളം: കുന്നംകുളത്ത് ആംബുലൻസ് ഡ്രൈവേഴ്‌സ് തമ്മില് സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. പാലപ്പെട്ടി അൽഫാസ ആംബുലൻസ് ഡ്രൈവർ അണ്ടത്തോട് വീട്ടിൽ ഹനീഫക്കാണ് പരിക്കേറ്റത്. അണ്ടത്തോട് മുസ്തഫ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് ഡ്രൈവർ നിസാറാണ് ആക്രമിച്ചതെന്ന് ഹനീഫ പറഞ്ഞു. ഇന്നലെ രാത്രി കുന്നംകുളം മലങ്കര ആശുപത്രിയിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഇരുവരും തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. ഇതേതുടർന്നുള്ള വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഏഴരയോടെയാണ് ആക്രമണം നടക്കുന്നത്. സംഘർഷം നടക്കുന്ന സമയത്ത് ആംബുലൻസിനുള്ളിൽ രോഗികൾ ഉണ്ടായിരുന്നുവെന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. രോഗികൾ ഇരിക്കെ ആംബുലൻസ് നിർത്തുകയും ഇരുവരും തമ്മിൽ ഏറ്റുമുട്ടുകയുമായിരുന്നു. ഹനീഫയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.