നടുവണ്ണൂർ ആഞ്ഞോളി മുക്കിൽ വീണ്ടും അപകടം; ലോറി കടയിലേക്ക് ഇടിച്ചു കയറി
ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്

നടുവണ്ണൂർ: നടുവണ്ണൂർ ആഞ്ഞോളി മുക്കിൽ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ആഞ്ഞൊളിമുക്ക് വളവിന് തൊട്ടുമുൻപ് വനിതാ ഹോട്ടലിനടുത്ത് പണി നടക്കുന്ന കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. പേരാമ്പ്ര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 11 സി എ 5238 ലോറിയാണ് എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഇടതുഭാഗത്തെ കടയിലേക്ക് പാഞ്ഞു കയറിയത്. ലോറി ഇടിച്ചു കയറിയ സ്ഥലത്ത് ഇന്നലെവരെ അഞ്ചോളം പേർ ജോലി ചെയ്തിരുന്നു. ഇന്ന് ജോലിക്ക് അവധിയായതിനാൽ ആണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഡേ മാർട്ട് ഔട്ട്ലെറ്റുകളിലേക്ക് കോഴിക്കോട് നിന്നും പച്ചക്കറിയും പഴങ്ങളുമായി പോയ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്.
ലോറി ഡ്രൈവർ കൊടുവള്ളി സ്വദേശിയായ സുധീഷും ക്ലീനറും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലുമണിക്ക് ഈ അപകടം നടന്നതിൽ നിന്നും 50 മീറ്റർ അപ്പുറത്ത് കാറും ബൈക്കും ഇടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. റോഡ് റീടാറിങ് കൂടി കഴിഞ്ഞതോടെ ഈ ഭാഗങ്ങളിൽ അപകടം വർദ്ധിച്ചു വരികയാണ്. ഇവിടത്തെ കുപ്രസിദ്ധമായ എസ് വളവിൽ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് വളവ് നിവർത്തി നേരെയാക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.