headerlogo
recents

സാങ്കേതികയുഗത്തിലെ സാഹിത്യം അനുവാചകസമൂഹത്തെ വിസ്തൃതമാക്കുന്നു:പി.കെ. ഗോപി

പീലിക്കുള്ളിലെ പുസ്തകം' പ്രകാശനം നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.

 സാങ്കേതികയുഗത്തിലെ സാഹിത്യം അനുവാചകസമൂഹത്തെ വിസ്തൃതമാക്കുന്നു:പി.കെ. ഗോപി
avatar image

NDR News

18 Sep 2025 05:41 PM

  കോഴിക്കോട്: നിർമ്മിത ബുദ്ധി യുടെയും നവമാധ്യമങ്ങളുടെയും പുതിയകാലത്ത് സാഹിത്യത്തിന്റെ ആശയസ്വീകരണത്തിലും ഭാഷാവിനിയോഗത്തിലും ദ്രുതഗതിയിലുള്ള മാറ്റങ്ങൾ വന്നുവെന്നും പുതുമുറ എഴുത്തുകാർ അതിനൊത്ത ഒരു അനുവാചകസമൂഹത്തെ സൃഷ്ടിക്കുന്നുണ്ടെന്നും കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി അഭിപ്രായപ്പെട്ടു.

   യുവകവി ലാസ് കാലിക്കറ്റിന്റെ മൂന്നാമത് കൃതി, 100 ചെറുകവിതകളുടെ സമാഹാരമായ 'പീലിക്കുള്ളിലെ പുസ്തകം' പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അളകാപുരി ഹോട്ടൽ കാർത്തിക ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ കവി വീരാൻകുട്ടി ആദ്യപ്രതി ഏറ്റുവാങ്ങി. ആഗോളഗ്രാമത്തിലെ പൗരന്മാരാകുന്ന പുതുതലമുറയുടെ അനുഭവലോകങ്ങൾ വ്യത്യസ്ത മെങ്കിലും പുതുകവികൾ രചനകളിൽ പുലർത്തുന്ന വീക്ഷണ വിസ്തൃതിയും വ്യാപനസാധ്യതയും ഒപ്പം മിനിമലൈസേഷനും ലാസ് കാലിക്കറ്റ്‌ ഉൾപ്പെടെയുള്ളവരുടെ രചനകളിൽ പ്രകടമാണെന്ന് വീരാൻകുട്ടി സൂചിപ്പിച്ചു.

   മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.എഫ്. ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കഥാകാരി കെ.പി. സുധീര ആശംസ പ്രസംഗം നടത്തി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം നാടകത്തിൽ രണ്ടുവർഷങ്ങളിൽ തുടർച്ചയായി മികച്ച നടനായി തിരഞ്ഞെടുക്ക പ്പെട്ട യദു കൃഷ്ണ റാം 'പീലിക്കുള്ളിലെ പുസ്തകം' എന്ന പോക്കറ്റ് ബുക്കിന്റെ അകംപുറം ആസ്വാദനം അവതരിപ്പിച്ചത് സദസ്സിനെ ഏറെ ആകർഷിച്ചു. ഭാഷാപരിശീലനത്തിന് സഹായകരമാവുന്ന നൂതന സാങ്കേതിക സംവിധാനങ്ങളെ കുറിച്ചും പുതുയുഗ ആശയങ്ങൾ കവിതയിൽ എങ്ങനെ പ്രതിഫലിക്കാമെന്നും ലാസ് കാലിക്കറ്റ് തന്റെ മറുമൊഴിയിൽ പരാമർശിച്ചു.

  സംഘാടക സമിതി ചെയർ പേഴ്സൺ അൻവർ കുനിമ്മൽ ആമുഖപ്രസംഗം നടത്തി. എ.എൽ.സുധീർ ആലപ്പുഴയുടെ സോളോ സംഗീതവിരുന്നും ചടങ്ങിന് മാറ്റുകൂട്ടുന്നതായി. ഇൻസൈറ്റ് പബ്ലിക്കയാണ് 'പീലിക്കുള്ളിലെ പുസ്തകം' പ്രസിദ്ധീകരിച്ചത്.

NDR News
18 Sep 2025 05:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents