സ്‌കൂള്‍ ബസ് ഡ്രൈവറെയും ക്ലീനറായ യുവതിയേയും മര്‍ദ്ദിച്ചതായി പരാതി
ഇന്ന് രാവിലെ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവം

പയ്യോളി: കാറിൽ വന്നവർ സ്‌കൂള്‍ ബസ് ഡ്രൈവറെയും ക്ലീനറായ യുവതിയേയും മര്‍ദ്ദിച്ചു. പുറക്കാട് സ്വദേശിയായ ഡ്രൈവര്‍ വിജയനും അദ്ദേഹത്തിന്റെ ഭാര്യയും ബസിലെ ക്ലീനറുമായ ഉഷയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇരുവരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവം. രാവിലെ കുട്ടികളെ കൊണ്ടു വരുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയ സമയത്ത് അപ്രതീക്ഷിതമായി കാര്‍ ബസിന് മുന്നില്‍ നിര്‍ത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പുറത്തിറങ്ങി തന്നെ മര്‍ദ്ദിക്കുക യായിരുന്നെന്ന് വിജയന്‍ പറഞ്ഞു. മുഖത്താണ് അടിയേറ്റത്. കണ്ണട തെറിച്ചുപോയെന്നും കണ്ണിന് പരിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ നിന്നും നേത്രരോഗ വിദഗ്ധനെ കാണാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഡ്രൈവറെ അടിക്കുന്നത് കണ്ട് “അടിക്കല്ലേ” എന്നു പറഞ്ഞെത്തിയ തന്നെയും ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഉഷ പറഞ്ഞു. വിദ്യാര്‍ഥികളും യാത്രക്കാരുമെല്ലാം നോക്കിനില്‍ക്കെ യായിരുന്നു ഇവരുടെ അതിക്രമമെന്നും ഉഷ പറഞ്ഞു. പുറക്കാട് ഓട്ടോ ഡ്രൈവര്‍ കൂടിയാണ് വിജയന്‍. വിജയനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പുറക്കാട്ടെ ഓട്ടോ തൊഴിലാളികള്‍ ഇന്ന് പണി മുടക്കുകയാണ്.