പണം തട്ടിപ്പ് നടത്തി പുഴയിൽ ചാടി മരിച്ചെന്ന് വരുത്തിത ഒളിവിൽപ്പോയ യുവതി പിടിയിൽ
പ്രത്യേക അന്വേഷണസംഘമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്
രാമനാട്ടുകര: വ്യാജ സ്വർണാഭരണങ്ങൾ പണയം വെച്ച് 9.1 ലക്ഷം തട്ടിയെടുക്കുകയും, തുടർന്ന് പുഴയിൽച്ചാടി മരിച്ചെന്നു വരുത്തി ത്തീർത്ത് ഒളിവിൽപ്പോവുകയും ചെയ്‌ത യുവതിയെ ഒരുവർഷത്തിനു ശേഷം ഫറോക്ക് പോലീസും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. ഫറോക്ക് ചെറുവണ്ണൂർ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വർഷ(30)യെയാണ് തൃശ്ശൂരിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രൻ്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. വർഷ വാടകയ്ക്കു താമസിച്ചിരുന്ന ഫറോക്ക് 8/3ലെ വാഴക്കപ്പൊറ്റ വീട്ടിൽ 'മരിക്കാൻ പോകുന്നു' എന്ന് കത്തെഴുതി വെച്ച് 2022 നവംബർ 11-നാണ് യുവതി സ്‌കൂട്ടറിൽ പോയത്. തുടർന്ന് യുവതിയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വർഷ ഓടിച്ചുപോയ സ്‌കൂട്ടർ അറപ്പുഴ പാലത്തിന് സമീപത്തു നിന്ന് പോലീസ് കണ്ടെടുത്തു. ഇതോടെ യുവതി പുഴയിൽച്ചാടി മരിച്ചിരിക്കാമെന്ന ധാരണ പരന്നു.
യുവതി ഫോണും സിമ്മും ഉപേക്ഷിച്ചതിനാൽ ആദ്യഘട്ടത്തിൽ അന്വേഷണം എങ്ങുമെത്താതെ നിലച്ചു. പിന്നീട് യുവതി ജീവിച്ചിരിപ്പുണ്ടെന്നും, ഇന്റർനെറ്റ് കോളുകൾ വഴി വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്നും പോലീസ് കണ്ടെത്തി. തുടർന്ന് തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്ന യുവതിയെ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

