മത്സ്യക്കച്ചവടം തടഞ്ഞത് ചോദ്യം ചെയ്ത ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിന തടവും പിഴയും
ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എൻ ആർ കൃഷ്‌ണ കുമാറിൻ്റേതാണ് വിധി
കോഴിക്കോട്: മത്സ്യക്കച്ചവടം തടഞ്ഞത് ചോദ്യം ചെയ്തു എന്ന പേരിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം താമസിക്കുന്ന താഴത്ത് വെള്ളൂർ രൂപത്തെയാണ് ജീവപര്യന്തം കഠിന തടവിനും പിഴയൊടുക്കാനും വിധിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എൻ ആർ കൃഷ്‌ണകുമാറിൻ്റേതാണ് വിധി. കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി. 2021 ഓഗസ്റ്റ് 21നായിരുന്നു കൊലപാതകം നടന്നത്. കാരപ്പറമ്പ് സ്വദേശിയായ സാഹിർ അലി എന്നയാളുടെ മത്സ്യക്കച്ചവടം രൂപേഷ് തടഞ്ഞിരുന്നു. ഈ സമയത്ത് രാജീവന് പ്രശ്നത്തിൽ ഇടപെടുകയും രൂപേഷിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ രൂപേഷ് രാജീവനെ കുത്തിവീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച സാഹിർ അലിക്കും കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
രാജീവന്റെ ഭാര്യയും മകനു മടങ്ങുന്ന കുടുംബത്തിന് ഒരു ലക്ഷം രൂപയും സാഹിർ അലിക്ക് 25,000 രൂപയും നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിൽ 43 സാക്ഷികളെയാണ് വിസ്തരിച്ചത്. 47 രേഖകളും 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ചേവായൂർ ഇൻസ്പെക്ടറായിരുന്ന ചന്ദ്രമോഹനാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പബ്ലിക് പ്രോസിക്യൂട്ടർ എൻ ഷംസുദ്ദീൻ, അഡ്വ. രശ്മി റാം എന്നിവർ ഹാജരായി.

