കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ തീപ്പിടുത്തം മനുഷ്യ നിർമ്മിതം; വി.പി. ദുൽഖിഫിൽ
അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തൽ അതീവ ഗുരുതരം

കോഴിക്കോട്: മെയ് രണ്ടിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപ്പിടുത്തം മനുഷ്യ നിർമ്മിതമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ. തീപ്പിടുത്തവുമായി ബന്ധപ്പെട്ട് കോഴിക്കോട് സബ് കലക്ടർ ചെയർമാനായി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തൽ അതീവ ഗുരുതരമാണ്. തീപ്പിടുത്തത്തിന് കാരണം കേടായ ബാറ്ററി ബങ്ക് ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബാറ്ററിയുടെ ആന്തരിക കേട്പാടുകളാണ് ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാറ്ററി ദുർബലമാണെന്ന് എ.എം.സിയിൽ റിപ്പോർട്ട് ചെയ്തിട്ടും അത് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചില്ല. ബാറ്ററി ബങ്ക് മാറ്റി സ്ഥാപിക്കാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥർ തന്നെയാണ് തീപ്പിടുത്തത്തിൻ്റെ ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു.
2016ലെ നാഷണൽ ബിൽഡിംഗ് കോഡ് പ്രകാരം യു.പി.എസ്. മുറികളിൽ ശരിയായ വെന്റിലേഷൻ അല്ലെങ്കിൽ എയർ കണ്ടീഷനിങ് ഉണ്ടായിരിക്കണം. കൂടാതെ ബാറ്ററി വിഭാഗങ്ങളിൽ മതിയായ വായു സഞ്ചാരവും വേണം. യു.പി.എസ്. മുറി സെൻട്രൽ എയർ കണ്ടീഷനിങ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും പ്രത്യേക കൃത്രിമ വെന്റിലേഷൻ ഇല്ല എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
മെഡിക്കൽ കോളേജ് കാമ്പസിൽ തീപ്പിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് സൂചിപ്പിക്കുന്ന, എ.ഡി.ജി.പി(ഇന്റലിജൻസ്)യിൽ നിന്ന് 27.05.2024 ലെ കത്ത് നമ്പർ 10(എ).31845/2024 എസ്.ബി. വഴി ലഭിച്ച ഇന്റലിജൻസ് മുന്നറിയിപ്പ് ജില്ലാ കളക്ടർ 27.05.2024 ലെ കത്ത് നമ്പർ DCKKD/6075/2024 F4 വഴി അറിയിച്ചു. എന്നിരുന്നാലും, വിവിധ നിയമപരമായ അനുമതികൾ പാലിച്ചിട്ടില്ല. കെട്ടിടത്തിന് കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള അന്തിമ എൻഒസി (പൂർത്തീകരണം) 22/07/2022 ന് ലഭിച്ചു, അത് 22/07/2023 ന് കാലഹരണപ്പെട്ടു. ആശുപത്രി അധികൃതർ പുതുക്കലിനായി അപേക്ഷിച്ചിരുന്നുവെങ്കിലും മതിയായ രേഖകൾ ഇല്ലാത്തതിനാൽ അത് അനുവദിച്ചില്ല. ഈ പുതുക്കൽ നടത്താത്തത് ഇൻഷുറൻസ് പരിരക്ഷ നഷ്ടപ്പെടുന്നതിനും നിയമ നടപടികൾക്കും പോലും കാരണമായേക്കാം.ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് (6 എണ്ണം) 28/09/2021 ന് ലഭിച്ചു, എന്നാൽ 2 ലിഫ്റ്റുകളുടെ സാധുത 11/07/24 ന് അവസാനിച്ചു. ബാക്കിയുള്ള 4 എണ്ണം 27/09/2024 ന് അവസാനിച്ചു. ലൈസൻസ് പുതുക്കുന്നതിനെക്കുറിച്ചും ഇൻഷുറൻസ് പോളിസിയെക്കുറിച്ചും ഒരു വിവരവുമില്ല.
ആശുപത്രി അധികൃതരുടെയും സർക്കാറിന്റെയും ഗുരുതരമായ അനാസ്ഥയുടെ ഭാഗമായാണ് ഇത്തരത്തിൽ ഒരു ദുരന്തം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായതെന്ന് ഇപ്പോൾ പകൽപോലെ വ്യക്തമാണെന്ന് അദ്ദേഹം ആരോപിച്ചു. ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വി.പി. ദുൽഖിഫിൽ ആവശ്യപ്പെട്ടു.