headerlogo
recents

കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിക്കും

മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിക്കും.

 കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിക്കും
avatar image

NDR News

21 Oct 2025 08:15 AM

  കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് ഒക്ടോബർ 21ന് ചൊവ്വാഴ്ച 3 മണിക്ക് മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിക്കും. നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന ആധുനിക സജ്ജീകരണങ്ങളോട് കൂടിയ 6 നിലകളുള്ള കെട്ടിട സമുച്ചയ ത്തിൻ്റെ അവസാനവട്ട മിനുക്കുപണികൾ തകൃതിയായി നടക്കുകയാണ്. 21 കോടി രൂപയാണ് കെട്ടിടത്തിനായി ചിലവഴിച്ചത്. 60,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മനോഹരമായ കെട്ടിടമാണ് ആകാശംമുട്ടി നിൽക്കുന്നത്.

    നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാൻ അണ്ടര്‍ ഗ്രൗണ്ടില്‍ 10000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 80 കാറുകളും 200 ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറില്‍ 20 കട മുറികള്‍, ഒന്നാം നിലയില്‍ 21 മുറികൾ ‍ എന്നിവയ്ക്കൊപ്പം രണ്ട്, മൂന്ന്, നാല് നിലകളിലായി ഓരോ നിലയിലും 10000 സ്ക്വയര്‍ ഫീറ്റ് വീതം വിസ്തൃതിയില്‍ ഷോപ്പിംഗ് മാള്‍, ടെക്സ്റ്റയില്‍സ് ഷോറൂമുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫുഡ് കോര്‍ട്ട്, ഗോള്‍ഡ് സൂക്ക്, ഓഫീസ് മുറികള്‍, ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങൾക്കുള്ള സൗകര്യം, റൂഫ് ടോപ്പ് കഫ്റ്റീരിയ, നാലാം നിലയില്‍ 4000 സ്ക്വയര്‍ ഫീറ്റില്‍ മള്‍ട്ടി പ്ലക്സ് തിയേറ്റർ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. 

  കേരള അര്‍ബ്ബന്‍ ആൻഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (KURDFC) വായ്പയും നഗരസഭയുടെ തനത് ഫണ്ടും സമന്വയിപ്പിച്ചാണ് നിര്‍മ്മാണ ചെലവ് കണ്ടെത്തിയത്. കോഴിക്കോട് എൻഐടിയിലെ ആർക്കിടെക്ചറൽ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ വിദഗ്ധരായ എഞ്ചിനീയര്‍മാരാണ് പ്ലാനും ഡിസൈനും തയ്യാറാക്കി യത്. നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് നിര്‍മ്മാണ മേല്‍നോട്ടവും സാങ്കേതിക സഹായവും ഒരുക്കിയത്. മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് ടെണ്ടര്‍ ഏറ്റെടുത്ത് സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിച്ചത്.  

  പഴയ കെട്ടിടങ്ങളുടെ പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി നഗരത്തിന്റെ വ്യാപാര മേഖലക്ക് ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന തോടൊപ്പം നഗരസഭയുടെ തനത് വരുമാന വർധനയും പദ്ധതിയുടെ ലക്ഷ്യമാണ്. കൂടാതെ ഗതാഗത പ്രശ്ന പരിഹാരത്തിന് അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗ്, ബസ് ബേ എന്നിവ പ്രയോജനപ്പെടും. ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്നും ലഭിക്കുന്ന വാടകയിലൂടെ വലിയൊരു തനത് വരുമാന സ്രോതസ്സുകൂടി തുറക്കപ്പെടുന്ന തോടെ നഗരത്തിന്റെ വികസനത്തിനുള്ള വിഭവലഭ്യത വലിയതോതില്‍ സാധ്യമായിരി ക്കുകയാണെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും പറഞ്ഞു. ഒക്ടോബര്‍ 21ന് വൈകീട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിക്കും. കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷയാകും. കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം 2022 ഒക്ടോബർ 12ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ജെ.സി.ബി ഓടിച്ച് നിര്‍വഹിക്കുകയായിരുന്നു.

NDR News
21 Oct 2025 08:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents