headerlogo
recents

ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി ‘സുശക്തി’ സ്വയംസഹായ സംഘങ്ങൾ വരുന്നു

സ്വന്തം വെല്ലുവിളി കളെയും പ്രതിസന്ധി കളെയും സാധ്യതകളാക്കി മാറ്റി പൊതു സമൂഹത്തിന് മാത്യകയാക്കാവുന്ന തലത്തിലേക്ക് ‘സുശക്തി’ യൂണിറ്റുകളെയും അംഗങ്ങളെയും മാറ്റുമെന്നും മന്ത്രി പറഞ്ഞു.

 ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി ‘സുശക്തി’ സ്വയംസഹായ സംഘങ്ങൾ വരുന്നു
avatar image

NDR News

24 Oct 2025 07:40 PM

  തിരുവനന്തപുരം :സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിന് ‘സുശക്തി’ സ്വയംസഹായ സംഘങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. “സ്വന്തം വെല്ലുവിളി കളെയും പ്രതിസന്ധികളെയും സാധ്യതകളാക്കി മാറ്റി പൊതു സമൂഹത്തിന് മാത്യകയാക്കാവുന്ന തലത്തിലേക്ക് ‘സുശക്തി’ യൂണിറ്റുകളെയും അംഗങ്ങളെയും മാറ്റുമെന്നും മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

   സ്വയംസഹായ സംഘങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തും. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ പൂജപ്പുര യിലെ ആസ്ഥാനമായിരിക്കും സംഘത്തിന്റെ സംസ്ഥാനതല നിർവ്വഹണകേന്ദ്രം (രജിസ്റ്റേർഡ് ഓഫീസ്). ശാരീരിക, മാനസിക, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തില്‍ സമഗ്രമായി ഉള്‍ച്ചേര്‍ത്ത് അവരെ സാമൂഹികവും സാമ്പത്തികവും മാനസികവും കലാ കായികവും സാംസ്കാരികവുമായ സ്വയംപര്യാപ്തതയിലെത്തിക്കുക എന്നതാണ് ‘സുശക്തി’ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

  ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള പദ്ധതികളുടെ ലക്ഷ്യപ്രാപ്തിയുടെ വേഗം വര്‍ദ്ധിപ്പിക്കാനും ഇത് സഹായകമാവും. ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന എല്ലാ വ്യക്തികളെയും സുശക്തി അംഗത്വത്തിന് അർഹതയുള്ള അവരുടെ രക്ഷാകർത്താക്കളേയും ഉൾപ്പെടുത്തിയാണ് സുശക്തി സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുക. സുശക്തി സ്വയംസഹായ സംഘത്തിന്റെ പരിധിയില്‍ സ്ഥിരതാമസക്കാരായ, നാൽപ്പതു ശതമാനമോ അതില്‍ കൂടുതലോ ശാരീരിക – മാനസിക – ബൗദ്ധിക വെല്ലുവിളി നേരിടുന്ന, സ്ത്രീ/പുരുഷന്‍/ ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിലുൾപ്പെട്ട, 10 മുതല്‍ 20 വരെ വ്യക്തികളുടെ കൂട്ടായ്മയാണ് ഓരോ സുശക്തി യൂണിറ്റ് അഥവാ സുശക്തി സ്വയംസഹായ സംഘവും.

  ഭിന്നശേഷി സ്വയംസഹായ സംഘങ്ങളും വ്യക്തികളും നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തി ബ്രാൻഡ് ചെയ്ത് അവയുടെ വിപണന സാധ്യതകൾ മെച്ചപ്പെടുത്തുക മുഖ്യലക്ഷ്യമാണ്. അംഗങ്ങൾക്ക് വരുമാനദായക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തിനുള്ള പ്രോത്സാഹനവും പിന്തുണയും സുശക്തി സ്വയംസഹായ സംഘങ്ങളിലൂടെ നൽകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഇതര ഏജൻസികൾ എന്നിവയുടെ ദാരിദ്ര്യലഘൂകരണ പ്രവർത്തന ങ്ങളും ക്ഷേമപദ്ധതികളും തൊഴിൽ പുനരധിവാസ പദ്ധതികളും ഏറ്റെടുത്ത് സുശക്തി അംഗങ്ങൾക്ക് സ്ഥിരമായ ഉപജീവനസൗകര്യം ലഭ്യമാക്കും.

   ഭിന്നശേഷിക്കാരുടെ പരിമിതികളെ അതിജീവിക്കുന്ന തിനായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപാടികളുടെ പ്രത്യക്ഷ പ്രയോജനം അവർക്ക് ലഭിക്കുന്നു വെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സുശക്തി നടത്തുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

NDR News
24 Oct 2025 07:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents