സ്വകാര്യ ബസിൽ വെച്ച് വയോധികനെ യുവാവ് ക്രൂരമായി മര്‍ദിച്ചു
കാലിൽ ചവിട്ടിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യുവാവ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു
മലപ്പുറം: സ്വകാര്യ ബസിൽ വയോധികനെ യുവാവ് ക്രൂരമായി മര്‍ദിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് ക്രൂരമായി മര്‍ദിച്ചത്. ഹംസയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് ആക്രമണം. ഇന്നലെ വൈകിട്ട് നാലു മണിക്ക് നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.ബസിൽ വച്ച് ഒരു യുവാവ് ഹംസയുടെ കാലിൽ ചവിട്ടി. ഇതേതുടര്‍ന്ന് അൽപം മാറി നിൽക്കാൻ ഹംസ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ യുവാവ് അസഭ്യവര്‍ഷം നടത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഹംസയുടെ തലക്കും മൂക്കിനും പരിക്കേറ്റു. മൂക്കിന്‍റെ എല്ലുപൊട്ടിയ ഹംസ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഹംസയുടെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സ്കൂള്‍ വിട്ട സമയമായതിനാൽ തന്നെ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്‍റെ പിൻ ഡോറിന് സമീപമാണ് യുവാവ് നിന്നിരുന്നത്. വയോധികനെ അസഭ്യം വിളിച്ചശേഷം പലതവണ മര്‍ദിച്ചു. പിന്നീട് കഴുത്തിന് പിടിച്ച് ബസിന് പുറത്തേക്ക് ഇറക്കി മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

