സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറി ഇൻ ചാർജ് വീട്ടു വളപ്പിൽ മരിച്ച നിലയിൽ
ക്രമക്കേട് ആരോപണത്തെ തുടർന്ന് ഒന്നര വർഷത്തിലേറെ സസ്പെൻഷനിലായിരുന്നു
തിരുവനന്തപുരം: വെള്ളനാട് സർവിസ് സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറി ഇൻ ചാർജിനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്രമക്കേട് ആരോപണത്തെ തുടർന്ന് ഒന്നര വർഷത്തിലേറെയായി സസ്പെൻഷനിലായിരുന്ന വെള്ളൂർപാറ സ്വദേശി വി. അനിൽകുമാർ എന്ന അമ്പിളിയാണ് മരിച്ചത്. ബാങ്കിന് ഒരുകോടി രൂപയുടെ ബാധ്യത വരുത്തിയെന്നായിരുന്നു ആരോപണം. കോൺഗ്രസ് ഭരണമായിരുന്ന സഹകരണ ബാങ്ക് ഒന്നരവർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. വെള്ളനാട് ശശി പ്രസിഡന്റായിരുന്ന സർവിസ് സഹകരണ ബാങ്ക് ആണിത്.
ക്രമക്കേടുകളെ തുടർന്ന് ഇദ്ദേഹത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു. പിന്നാലെ ശശി സി.പി.എമ്മിൽ ചേർന്നു. അതേസമയം, ജോലി ഇല്ലാത്തതിനാൽ ഭർത്താവ് മാനസിക പ്രയാസത്തിലായിരുന്നുവെന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും അമ്പിളിയുടെ ഭാര്യ മഞ്ജു പറഞ്ഞു. ഒരു കാരണവും കൂടാതെയായിരുന്നു സസ്പെൻഷൻ നടപടിയെന്നും ഭാര്യ ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

