വയനാട്ടിൽ സിപ് ലൈൻ ദൃശ്യങ്ങൾ വ്യാജ സൃഷ്‌ടി
പ്രചരിക്കുന്നത് എഐ നിർമിത ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി
കല്പറ്റ: കഴിഞ്ഞ ദിവസം വയനാട്ടിൽ സിപ്ലൈൻ റൈഡിനിടെ അപകടമുണ്ടായെന്നും അതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയും ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഒരു അമ്മയും കുഞ്ഞും സിപ് ലൈനിൽ നിന്ന് നിയന്ത്രണം വിട്ട് തെന്നിപ്പോകുന്നതും കൂടെയുണ്ടായിരുന്നയാൾ താഴേക്ക് വീഴുന്നതുമായവ ദൃശ്യങ്ങളിൽ കാണാം. എന്നാൽ, പ്രചരിക്കുന്നത് എഐ നിർമിത ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾക്ക് സമാനമായ വിഡിയോയാണ് പ്രചരിക്കുന്നത്.
ഒക്ടോബർ 27 എന്ന് തീയതിയും പകൽ 9:41 എന്ന് സമയവും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. എല്ലാവരും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയാണിത് വൈറലാകുന്നത്. വയനാട്ടിൽ നിന്നുള്ളതാണെന്ന തരത്തിൽ ലഭിച്ച വിഡിയോയാണ്, ശരിയാണോ എന്നുകൂടി ചേർത്ത് ചിലർ പങ്കുവച്ചിട്ടുള്ളത്. "ഇന്നലെ വയനാട് നടന്നത്. എല്ലാവരും ശ്രദ്ധിക്കുക. ഇത് സോഷ്യൽ മീഡിയയിൽ കിട്ടിയതാണ്. ഇത്ശരിയാണെങ്കിൽ.. ഇങ്ങനെയൊന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ' എന്നാണ് ഒരു വൈറൽ പോസ്റ്റിലെ കുറിപ്പ്.
സിപ്ലൈൻ റൈഡിന് വേണ്ടുന്ന ഹെൽമെറ്റ് പോലെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിഡിയോയിലുള്ളവർ ഉള്ളതെന്ന് വ്യക്തമായി കാണാം. "പിടിച്ചു നിൽക്കു... റെഡിയാണോ? പോകാം... കേബിൾ പൊട്ടി, താഴെ വീണു... എമർജൻസി റെസ്ക്യൂ ഒരുക്കിക്കോ' എന്നെല്ലാം വിഡിയോയിൽ പറയുന്നത് കേൾക്കാം. എന്നാൽ, ശബ്ദരേഖയില ദൃശ്യങ്ങളിലും ചില അസ്വഭാവികതകൾ ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോൾ, "wildeye' എന്നൊരു വാട്ടർമാർക്ക് പ്രചരിക്കുന്ന വിഡിയോകൾ ചിലതിൽ കാണാം. ഇൻസ്റ്റഗ്രാമിലെ ഇതേ വാട്ടർമാർക്കോടെ വിഡിയോകൾ പങ്കുവച്ചിട്ടുള്ള 'wildeye543' എന്ന പേരിൽ ഒരു മാധ്യമപ്രവർത്തകൻ/കണ്ടൻറ് ക്രിയേറ്ററുടെ അക്കൗണ്ട് കണ്ടെത്തി. എന്നാൽ, വൈറൽ വിഡിയോ ഇതിൽ പങ്കുവച്ചിട്ടുള്ളതായി നിലവിൽ കാണുന്നില്ല.

