ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് തൂക്കുകയർ
അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് തൊടുപുഴ കോടതി
ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും കോടതി ഉത്തരവിട്ടു. ഹമീദ് കുറ്റക്കാരനാണെന്ന് നേരത്തെ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് വാദം പൂർത്തിയായ കേസിൽ ഇന്ന് പ്രതിക്ക് വധ ശിക്ഷ വിധിക്കുകയായിരുന്നു കോടതി. മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ ഹമീദ് തീ കൊളുത്തി കൊല്ലുകയായിരുന്നു ഹമീദ്.
കുടുംബ വഴക്ക്, സ്വത്ത് തർക്കം എന്നിവ കാരണമായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ശ്വാസ തടസ്സം ഉൾപ്പെടെ ഉള്ള അസുഖങ്ങൾ ഉണ്ടെന്നും പ്രതി ഹമീദ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നൽകണമെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. നാലുപേരെ ജീവനോടെ കത്തിച്ച ആളാണ് പ്രതി. നിഷ്കളങ്കരായ രണ്ടു കുട്ടികളെ പോലും വെറുതെ വിട്ടില്ല. പൊതുസമൂഹത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രായം പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകൻറെ മറ്റൊരു വാദം. ചീനിക്കുഴി സ്വദേശി അലിയാക്കുമന്നേൽ ഹമീദാണ് മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയത്.
2022 മാർച്ച് 18 നായിരുന്നു നാടിനെയാകെ നടുക്കിയ ക്രൂര കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്ത് നിന്ന് പൂട്ടിയ ശേഷമായിരുന്നു ഹമീദ് തീ കൊളുത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയെങ്കിലും തീ ആളി പ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്. സംഭവത്തിന് ദൃക്സാക്ഷികളുടേത് ഉൾപ്പെടെയുളള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമാണ്.

