ഫറോക്കിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന്, പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം
ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്‍റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന് കനത്ത നാശ നഷ്ടമാണുണ്ടായിരിക്കുന്നത്. അപകടത്തിന്‍റെ വ്യാപ്തി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വീടിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. വീടിന്‍റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസിയായ ആള്‍ ആരോപിക്കുന്നത്.

