യുവതിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ടു: പരിക്കേറ്റ യുവതി ഐസിയുവിൽ
വാതിലിനടുത്ത് നിന്നും മാറാത്തത് പ്രകോപിപ്പിച്ചെന്ന് പ്രതി
തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ട് ട്രാക്കിലേക്ക് വീണു പരിക്കേറ്റ യുവതി ഐസിയുവില്‍ തുടരുന്നു. തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി (19)യാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. ആന്തരിക രക്ത സ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി യുവതിയെ ചവിട്ടി പുറത്തേക്കിട്ടത്.
പ്രതി സുരേഷ് കുമാര്‍ മദ്യലഹരി യിലായിരുന്നു വെന്ന് പൊലീസ് സ്ഥിരീകരിച്ചു. പനച്ചിമൂട് സ്വദേശി സുരേഷ് പെയിന്റ് തൊഴിലാളിയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ട്രെയിനിന്റെ വാതിലിന്റെ അടുത്ത് നിന്നും യുവതികള്‍ മാറാത്തത് പ്രകോപിപ്പിച്ചെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്നും മദ്യ ലഹരിയിലായിരുന്നു വെന്നും പ്രതി സമ്മതിച്ചു. സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ മുന്‍കാല പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. വര്‍ക്കല സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ കഴിഞ്ഞ് അയന്തി മേല്‍പ്പാലത്തിനടുത്തുവെച്ച് ഇന്നലെ രാത്രി 8.40 ന് ട്രെയിനിന്റെ ജനറല്‍ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യുവതികള്‍ ശുചിമുറിയില്‍ പോയിവരുമ്പോള്‍ വാതിലിനടുത്ത് ഉണ്ടായിരുന്ന പ്രതി യുവതികളിലൊരാളെ ചവിട്ടി പുറത്തേക്ക് ഇടുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടെന്നാണ് ഒപ്പമുണ്ടായിരുന്ന ദൃക്‌സാക്ഷിയായ യുവതി അര്‍ച്ചന പറഞ്ഞത്. തടയാന്‍ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു നിന്നതു കൊണ്ട് രക്ഷപ്പെടുക യായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.

