കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണാഭരണം തിരിച്ചു നൽകിചെങ്ങോട്ടുകാവ് സ്വദേശി മാതൃകയായി
വണ്ടി കയറി ചതഞ്ഞ നിലയിലായിരുന്നു ആഭരണം
                        കൊയിലാണ്ടി: കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് ചെങ്ങോട്ടുകാവ് സ്വദേശി നഫീസ മൻസിലിൽ കുഞ്ഞിരാൻകുട്ടി. ഞായറാഴ്‌ച ചെങ്ങോട്ടുകാവ് കനാൽ റോഡിൽ വച്ചാണ് കുഞ്ഞിരാൻ കുട്ടിക്ക് രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ ചെയിൻ കളഞ്ഞു കിട്ടിയത്. വണ്ടി കയറി ചതഞ്ഞ നിലയിലായിരുന്നു ആഭരണം. സൂക്ഷിച്ച് നോക്കിയപ്പോൾ 916 എന്ന് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല, കിട്ടിയ ആഭരണം കൊയിലാണ്ടി പോലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
അപ്പോൾ തന്നെ പോലിസ് വാട്സ് ആപ് വഴി സ്വർണം കളഞ്ഞു കിട്ടിയ വിവരം പുറത്തറിയിച്ചു. ഇന്നലെ ഉച്ചയോടെ ആഭരണത്തിൻ്റെ അവകാശി എടക്കുളം സ്വദേശിനി സ്നേഹ സ്റ്റേഷനിലെത്തി. തെളിവുകൾ കാണിച്ച് കിട്ടിയ ആഭരണം തന്റെയാണെന്ന് ഉറപ്പിച്ചു.
ഉടമയെത്തിയ വിവരം കുഞ്ഞിരാൻ കുട്ടിയെ പോലിസ് അറിയിച്ചു. തുടർന്ന് പോലിസ് സ്റ്റേഷനിൽ വച്ച് കുഞ്ഞിരാൻ കുട്ടി സ്നേഹയ്ക്ക് ആഭരണം കൈമാറി. തിരിച്ച് കിട്ടില്ലെന്ന് കരുതിയ പൊന്ന് കൈയ്യിൽ കിട്ടിയപ്പോൾ സ്നേഹയ്ക്കും സന്തോഷം. സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ കരീം, ശ്രീകാന്ത്, സിവിൽ പോലിസ് ഓഫീസർ രഞ്ജിത്ത് ലാൽ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്വർണം കൈമാറിയത്.

