വടകരയിൽ ഭ്രാന്തൻ കുറുക്കൻ നാല് പേരെ കടിച്ചു പരിക്കേല്പിച്ചു
വ്യാഴാഴ് രാവിലെയാണ് കുറുക്കന്റെ ആക്രമണത്തിന്റെ തുടക്കം
വടകര: വള്ളിക്കാട് കുറുക്കന്റെ ആക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാലുപേരാണ് കുറുക്കന്റെ ആക്രമണത്തിന് ഇരയായത്. ഇതിൽ ആക്രമണത്തിന് ഇരയായ ഒരു യുവാവിന്റെ കൈവിരലിൻ്റെ ഒരു ഭാഗം കുറുക്കൻ കടിച്ചെടുത്തു.പുലര്‍കണ്ടി താഴെ രജീഷിന്റെ കൈവിരലാണ് കുറുക്കന്‍ കടിച്ചെടുത്തത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
നാട്ടുകാര്‍ തിരച്ചില്‍ നടത്തി വിരലിന്റെ ഭാഗം കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ് രാവിലെയാണ് കുറുക്കന്റെ ആക്രമണത്തിന്റെ തുടക്കം. പുഞ്ചപ്പാലം, രയരോത്ത് പാലം എന്നിവിടങ്ങളിലായിരുന്നു ആദ്യ ആക്രമമുണ്ടായത്. ആറുവയസുകാരി വലിയ പറമ്പത്ത് അനാമികയ്ക്ക് വീടിന്റെ മുറ്റത്തുനിന്നാണ് കുറുക്കന്റെ കടിയേറ്റത്. പുലര്‍കണ്ടി നിവേദ്, മടത്തും താഴെ കുനി മോളി എന്നിവര്‍ക്കും കടിയേറ്റു.
രാത്രിയില്‍ നാട്ടുകാര്‍ കുറുക്കനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രജീഷിന് കടിയേറ്റത്. പരിക്കേറ്റ മൂന്നുപേര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

