headerlogo
recents

കൽപ്പാത്തി രഥോത്സവത്തിന്‌ ഇന്ന് കൊടിയേറും

നാല് ക്ഷേത്രങ്ങളിലും പകൽ 10.15 നും 12.10നും ഇടയ്ക്കായിരുന്നു കൊടിയേറ്റം.

 കൽപ്പാത്തി രഥോത്സവത്തിന്‌ ഇന്ന് കൊടിയേറും
avatar image

NDR News

08 Nov 2025 12:59 PM

  പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്‌ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിലും പകൽ 10.15 നും 12.10നും ഇടയ്ക്കാണ്‌ കൊടിയേറ്റം.

   കൊടിയേറ്റിന് മുന്നോടിയായി വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്രങ്ങളിൽ വാസ്തുശാന്തി നടന്നു. വരും ദിവസങ്ങളിൽ എല്ലാ ക്ഷേത്രങ്ങളിലും വൈകിട്ട് അലങ്കാരവും രാത്രി എഴുന്നള്ളത്തും നടക്കും. കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറിക്കഴിഞ്ഞാൽ ഗ്രാമവീഥിയിൽ അഞ്ചാം ദിനം അർധരാത്രിയിൽ നടക്കുന്ന ദേവതാ സംഗമം സവിശേഷമാണ്.

    വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ഋഷഭാരൂഢനായും ലക്ഷ്‌മീനാരായണ പെരുമാൾ ആദിശേഷനിൽ ഉപവിഷ്ടനായും മഹാഗണപതി, പ്രസന്ന മഹാഗണപതി ദേവതകൾ മൂഷകാരൂഢമായും സുബ്രഹ്മണ്യ ദേവതയുമാണ് രഥ സംഗമത്തിനെത്തുന്നത്. ക്ഷേത്രങ്ങളിൽനിന്നുമുള്ള അലങ്കരിച്ച അഞ്ച് ചെറുരഥങ്ങളിൽ ദേവതകൾ ഗ്രാമ വീഥികളിലൂടെ സഞ്ചരിച്ച് പുതിയ കൽപ്പാത്തിയിൽ അർധരാത്രിയിൽ സംഗമിക്കും.

  വാദ്യമേളങ്ങളുടെ അകമ്പടിയും രഥങ്ങൾക്കുണ്ട്. ദേവതാസംഗമ സ്ഥാനത്ത് അനേകം വാദകർ അണിനിരക്കുന്ന നാഗസ്വര തവിൽ വാദനവും കലാകാരന്മാരുടെ ചെണ്ടമേളവും അരങ്ങേറും. രഥാരൂഢരായ ദേവതകളുടെ സംഗമസ്ഥാനത്ത് ഭക്തജനങ്ങളെത്തി രഥങ്ങളെ വലംവെച്ച് ദേവതകളെ പ്രാർത്ഥിക്കുന്നത് പ്രധാന ആരാധനാക്രമമാണ്. ഈ മാസം 12നാണ് അഞ്ചാം തിരുനാൾ.

 

NDR News
08 Nov 2025 12:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents