ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പരിശോധന
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, പുതിയ സ്റ്റാൻ്റ് തുടങ്ങി തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന
കോഴിക്കോട്: ഡൽഹി ഭീകരാ ക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുഴുവൻ പരിശോധന തുടരും. റെയിൽവേ സ്റ്റേഷൻ, ബീച്ച്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, പുതിയ സ്റ്റാൻ്റ് തുടങ്ങി ആളുകൾ കൂടുന്ന ഇടങ്ങളിലാണ് പരിശോധന.ബസ് സ്റ്റാൻ്റിൻ്റെ വാഹന പാർക്കിങ് ഏരിയയിലാണ് ആദ്യം പരിശോധന നടന്നത്. ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും ചേർന്നാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൽ പരിശോധന നടത്തിയത്. സംശയാസ്‌പദമായ രീതിയിൽ എന്തെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിലെ സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്തുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ റെയിൽവേ സ്‌റ്റേഷനിലാണ് ആദ്യം പരിശോധന നടന്നത്. പിന്നീട് ബീച്ചിലും പരിശോധന നടത്തി. ഒഴിഞ്ഞു കിടക്കുന്ന ഭാഗങ്ങൾ, മറഞ്ഞുകിടക്കുന്ന വസ്‌തുക്കൾ പൊക്കിയുള്ള പരിശോധനയെല്ലാം നടന്നിരുന്നു.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ, വിമാനത്താവളങ്ങൾ, ബീച്ചുകൾ തുടങ്ങിയ ആളുകൾ കൂടുന്ന എല്ലാ പ്രധാന ഇടങ്ങളിലും കർശന പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു. ക്രമസമാധാന ച്ചുമതലയുള്ള എഡിജിപിക്ക് ഈ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർ ഇത് അടിയന്തരം നടപ്പിലാക്കണമെന്നും നിർദേശിച്ചു.

