മലയാളികളുടെ സ്വരസൗന്ദര്യത്തിന് ഇന്ന് പിറന്നാൾ; തൊണ്ണൂറിന്റെ നിറവിൽ സുശീല
ഏതുഭാഷയും തനിക്ക് അനായാസം വഴങ്ങുമെന്നു തെളിയിച്ച ഗായികയാണ് സുശീല
ചെന്നൈ: ദക്ഷിണേന്ത്യൻ സംഗീതലോകത്ത് പതിറ്റാണ്ടുകളായി പാടിപ്പതിഞ്ഞ സ്വരമായ പി.സുശീലയ്ക്ക്, മലയാളികളുടെ പ്രിയപ്പെട്ട സുശീലാമ്മയ്ക്ക്, ഇന്ന് 90-ാം പിറന്നാൾ. 1935 നവംബർ 13ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് പുലപക സുശീല എന്ന പി.സുശീല ജനിച്ചത്. ഏതുഭാഷയും തനിക്ക് അനായാസം വഴങ്ങുമെന്നു തെളിയിച്ച ഗായികയാണ് സുശീല. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, സിംഹള, ബംഗാളി, പഞ്ചാബി, തുളു, ബദുഗ, ഒറിയ തുടങ്ങിയ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങളാലപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഭാഷകളിൽ പാടിയ ഗായികയാണ് സുശീലയെന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സും സാക്ഷ്യപ്പെടുത്തുന്നു.
1960ൽ ഓൾ ഇന്ത്യ റേഡിയോ യിലൂടെയാണ് സുശീല ഗാനാലാപന രംഗത്ത് എത്തുന്നത്. 'പ്രെറ്റ തായ്' എന്ന ചിത്രത്തിലൂടെ പിന്നണി പാടിത്തുടങ്ങി. മികച്ച പിന്നണി ഗായികയ്ക്ക് തുടർച്ചയായി അഞ്ചു വർഷത്തെ ദേശീയ അവാർഡുകളാണ് ഗായിക സ്വന്തമാക്കിയത്.
ഗാന സരസ്വതി, ഗന്ധർവ ഗായിക, കന്നട കോകില എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് സംഗീത പ്രേമികൾ പി. സുശീലയ്ക്കു നൽകിയിട്ടുള്ളത്. എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ കൂടെയാണ് സുശീലാമ്മ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത്.

