പിജി ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയുമായിരുന്നു
കോഴിക്കോട്: പിജി ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുറ്റിക്കാട്ടൂർ മയിലാംപറമ്പ് നൗഷാദാണ് (27) അറസ്റ്റിലായത്. മെഡിക്കൽ കോളജിൽ ഭാര്യയ്ക്ക് കൂട്ടിരിക്കുന്നതിനിടെ യുവതിയെ പരിചയപ്പെടുകയും പി ജി ഡോക്ടർ എന്ന വ്യാജേന വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നതാണ് പരാതി.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥി എന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയുമായിരുന്നു.
മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. വിജയ് യുടെ പേര് പറഞ്ഞാണ് നൗഷാദ് യുവതിക്ക് മെസേജ് അയക്കാൻ തുടങ്ങിയത്. ഇതിനിടെ നൗഷാദ് നാലുതവണ യുവതിയുടെ വീട്ടിലുമെത്തി. പിന്നീട് വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെ 'ഡോ. വിജയി'യെ കാണാൻ യുവതി മെഡിക്കൽ കോളജിൽ എത്തുകയും യുവതിയും ബന്ധുവും കൂടി യഥാർത്ഥ പിജി ഡോക്ടറെ മെഡിക്കൽ കോളജ് വാർഡിൽ കയറി കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നാലെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് വലയിലായത്.

