വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ വീഡിയോ നിർമിച്ച യുവാവ് അറസ്റ്റിൽ
സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ആലപ്പുഴയിൽ നിന്ന് പിടികൂടിയത്
കല്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം എന്ന പേരിൽ വ്യാജ വീഡിയോ കേസിൽ യുവാവ് അറസ്റ്റിൽ. സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്കർ അലിയാണ് പിടിയിലായത്. വയനാട് സൈബർ പൊലീസ് എസ് എച്ച് ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. ഇയാളാണ് വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ആലപ്പുഴയിൽ നാലു കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അഷ്കർ അലി
കുറച്ച് ആഴ്ചകൾക്ക് മുൻപാണ് വയനാട്ടിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ പൊട്ടിയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ എന്ന വാദത്തോടെ വീഡിയോ പ്രചരിച്ചത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എന്ന തരത്തിലാണ് വ്യാജ വീഡിയോ പ്രചരിച്ചത്. കുഞ്ഞുമായി യുവതി സിപ്പ് ലൈനിൽ പോകാൻ തയ്യാറാകുന്നതിനിടെ ലൈൻ പൊട്ടുന്നതും ഇവർക്കൊപ്പം ഉണ്ടായിരുന്ന ഗൈഡ് താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്.

