താമരശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
വലിയ ആക്സിൽ വണ്ടികൾക്ക് കടന്നു പോവാൻ കഴിയുന്നില്ല
താമരശ്ശേരി: ചുരം ഏഴാം വളവിൽ ലോറി കുടുങ്ങിയത് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു. ഏഴാം വളവിൽ വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്നു പോകുന്നത്. വലിയ ആക്സിൽ വണ്ടികൾ കടന്നു പോവാൻ പ്രയാസം നേരിടുന്നു. വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ കടന്നുപോകില്ല. ഇത്തരം വാഹനങ്ങൾ അടിവാരത്ത് കുടുങ്ങി കിടക്കുകയാണ്. ഹൈവേ പൊലീസെത്തിയാണ് ഗതഗതം നിയന്ത്രിക്കുന്നത്. ബുധനാഴ്‌ച ഉച്ചക്ക് 3.30ഓടെയാണ് ലോറി കുടുങ്ങുന്നത്.
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി ഗതാഗതം തടസപ്പെടുന്ന സംഭവം പതിവായിരിക്കുകയാണ്. ഇന്നലെ ചുരത്തിൽ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞിരുന്നു. കർണാടകയിൽനിന്ന് കോഴിക്കോട്ടേക്ക് പഞ്ചസാരയുമായി വരികയായിരുന്ന ലോറിയാണ് ചുരത്തിൽ ഒന്നാംവളവിനു സമീപം താഴ്‌ചയിലെ തോട്ടിലേക്ക് മറിഞ്ഞത്.
കഴിഞ്ഞ ശനിയാഴ്‌ചയും ഞായറാഴ്ചയും മണിക്കൂറുകളാണ് സഞ്ചാരികളടക്കമുള്ള യാത്രക്കാർ ചുരത്തിൽ കുരുങ്ങിയത്. ദീർഘദൂര ബസുകളും ടൂറിസ്റ്റ് ബസുകളും ആംബുലൻസുകളും അടക്കം നൂറു കണക്കിന് വാഹനങ്ങളാണ് കുരുക്കിൽ കുടുങ്ങുന്നത്. ശനിയാഴ്‌ച രാത്രി ചരക്കു ലോറികൾ കേടുവന്നതു മൂലമാണ് കുരുക്കനുഭവപ്പെട്ടത്.

