വയനാട്ടിൽ മൂന്നുകോടി രൂപ കുഴൽപ്പണവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ
മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണം പിടികൂടി. മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കളെയാണ് കുഴൽ പണവുമായി വയനാട് പോലീസ് പിടികൂടിയത്. വടകര, മെൻമുണ്ട, കണ്ടിയിൽ സൽമാൻ (36), വടകര, അമ്പലപറമ്പത്ത് ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ റസാക്ക്(38), വടകര, മെൻമുണ്ട, ചെട്ടിയാം മുഹമ്മദ് ഫാസിൽ (30), താമരശ്ശേരി, പുറാക്കൽ അപ്പു എന്ന മുഹമ്മദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ്, മാനന്തവാടി പോലീസ്, കസ്റ്റംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. കാറിൻ്റെ രഹസ്യ അറയിൽ നിന്ന് 3,15,11900 രൂപയാണ് കണ്ടെത്തിയത്.
ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസിൽ എന്നിവരെ കാറിൽ പണവുമായി കഴിഞ്ഞദിവസം പുലർച്ചെയും ഇവരിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുഖ്യ സൂത്രധാരനായ സൽമാൻ, സുഹൃത്ത് മുഹമ്മദ് എന്നിവരെ പിന്നീടും പോലീസ് പിടികൂടുകയായിരുന്നു. കസ്റ്റംസും പോലീസും കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്‌തതിൽ നിന്നാണ് മുഖ്യ സൂത്രധാരനായ സൽമാന്റെ പങ്ക് വ്യക്തമായത്.

