തേവരയിൽ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവം: കുറ്റം സമ്മതിച്ച് വീട്ടുടമ ജോർജ്
കൊലപാതക കാരണം പണത്തെച്ചൊല്ലിയുള്ള തർക്കം
കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് വീട്ടുടമ ജോര്‍ജ്. കൊലപാതകം നടത്തിയത് താനാണെന്ന് ജോര്‍ജ് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സൗത്ത് പൊലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. എന്നാല്‍ സ്ത്രീയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എറണാകുളം സ്വദേശിയെന്നാണ് പൊലീസിന്റെ സംശയം.സ്ത്രീയെ ആര്‍ക്കും കണ്ടുപരിചയമില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സ്ത്രീയെ ജോര്‍ജ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പിന്നാലെ പണത്തിന്റെ പേര് പറഞ്ഞ് ഇരുവരും തര്‍ക്കത്തിലായി. ഒടുവില്‍ മദ്യലഹരിയിലായിരുന്ന ജോര്‍ജ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു വെന്ന് പൊലീസ് പറഞ്ഞു.
ജോര്‍ജിന്റെ വീട്ടിലെ കിടപ്പ് മുറിയില്‍ വെച്ചാണ് കൊല നടന്നത്. പിന്നാലെ വലിച്ചിഴച്ച് സ്ത്രീയെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ജോര്‍ജ് അവശനിലയിലായി. സംഭവം കണ്ട ശുചീകരണ തൊഴിലാളികള്‍ വിവരമറിയിച്ച് പൊലീസ് സ്ഥലത്തെത്തുമ്പോള്‍ മൃതദേഹത്തിന് അടുത്ത് അവശനായി ഇരിക്കുന്ന ജോര്‍ജിനെയാണ് കണ്ടത്.പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ജോര്‍ജ് കുറ്റം സമ്മതിച്ചത്.
ജോര്‍ജിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇതിനിടെ ജോര്‍ജിന്റെ വീടിന്റെ ഒരു ഭാഗത്ത് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് സംഭവത്തിൽ പങ്കില്ലെന്ന് മനസിലാക്കിയതിന് പിന്നാലെ അതിഥി തൊഴിലാളികളെ വിട്ടയക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

