ശുചിത്വമിഷൻ അവാർഡ് ജേതാവ് വി.പി.ഷൈനിക്ക് അനുമോദനവും സംഘടിപ്പിച്ചു
ടി.ബാലകൃഷ്ണൻ വിഷയാവതരണം നടത്തി
ആവള: കേരള ശാസ്ത്രസാഹിത്യ പരിഷത് ആവള യൂണിറ്റിൻ്റെ നേതൃത്വത്തിൽ 'കേരള പoനം - 2' സംവാദവും മികച്ച ബ്ലോക് പഞ്ചായത്ത് ശുചിത്വമിഷൻ കോ ഓഡിനേറ്റർ അവാർഡ് നേടിയ വി.പി.ഷൈനിക്ക് അനുമോദനവും സംഘടിപ്പിച്ചു. കേരളം എങ്ങനെ ചിന്തിക്കുന്നു - എങ്ങനെ ജീവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി നടത്തിയ സർവേയുടെ വിവരങ്ങൾ ക്രോഡീകരിച്ച കേരള പഠന സംവാദത്തിൽ പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ടി.ബാലകൃഷ്ണൻ വിഷയാവതരണം നടത്തി.
പരിഷത്ത് യൂണിറ്റ് പ്രസിഡണ്ട് സി.കെ.ശ്രീധരൻ അധ്യക്ഷതവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന വിവിധ രാഷ്ട്രീപാർട്ടി പ്രതിനിധികളായ നഫീസ കൊയിലോത്ത്, പ്രമോദ് ദാസ് ആവള, മുഹമ്മദ് കാളിയെടുത്ത്, രജീഷ് കണ്ടോത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പരിഷത് നിർവാഹക സമിതിയംഗം പി.കെ.ബാലകൃഷ്ണൻ മോഡറേറ്ററായി.
ജില്ലയിലെ മികച്ച ബ്ലോക് പഞ്ചായത്ത് ശുചിത്വമിഷൻ അവാർഡ് നേടിയ പേരാമ്പ്ര ബ്ലോക് പഞ്ചായത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലൂടെ മികച്ചകോ- ഓഡിനേറ്റർക്കുള്ള അവാർഡ് ലഭിച്ച വി.പി. ഷൈനിക്ക് ടി.ബാലകൃഷ്ണൻ ഉപഹാരം നൽകി. പരിഷത് ആവള യൂണിറ്റ് സെക്രട്ടറി കൂടിയാണ് വി.പി.ഷൈനി. കെ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.

