പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു
മലപ്പുറം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി അഫ്സൽ (32) ആണ് മരിച്ചത്. അഫ്സൽ ഓടിച്ച പിക്കപ്പ് വാഹനം പെട്രോളുമായി പോയ ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ചെറുതുരുത്തി ചുങ്കത്ത് വച്ച് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനത്തിന്റെ മുൻവശം തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ അഫ്‌സലിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. ഏഴ് മാസം ഗർഭിണിയായ ഭാര്യ ലിയക്കും നാല് വയസുകാരനായ ഏദൻ യസാക്കിനും തീരാനോവായി മാറിയിരിക്കുകയാണ് അഫ്സലിന്റെ അകാല വിയോഗം.

