കുറ്റ്യാടിയിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ അയല്‍വാസിയാണ് ഷീബയുടെ മൃതദേഹം ആദ്യം കണ്ടത്
കോഴിക്കോട്: കുറ്റ്യാടിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബയാണ് മരിച്ചത്. 43 വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ അയല്‍വാസിയാണ് ഷീബയുടെ മൃതദേഹം ആദ്യം കണ്ടത്. വീട്ടിലെ അടുക്കളയുടെ പിറകുവശത്തായുള്ള ജനൽ വാതിലിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നു വെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ യുവതിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
യുവതിയുടെ മരണത്തിനു പിന്നിലെ കാരണം പൊലീസ് അന്വേഷിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആയിനു കുന്നുമ്മല്‍ ശശിയാണ് ഷീബയുടെ ഭര്‍ത്താവ്. മക്കൾ: അശ്വതി, അക്ഷയ്.

