രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം
കാറിൻ്റെ ഉടമ ഒരു സിനിമാ താരമാണെന്ന വിവരം കിട്ടി
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. പരാതിക്കാരി മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നൽകിയെന്നവിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാലക്കാട് കണ്ണാടിയിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ അപ്രത്യക്ഷനായത്. അതുവരെ കണ്ണാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ രാഹുൽ പങ്കെടുത്തിയിരുന്നു. എന്നാൽ, പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടെന്നവിവരം പുറത്തുവന്നതോടെ ഒരു ചുവന്ന പോളോ കാറിലാണ് രാഹുൽ കണ്ണാടിയിൽനിന്ന് മടങ്ങിയത്. ഇതിനുശേഷം രാഹുൽ എവിടെയാണെന്നതിൽ യാതൊരു വ്യക്തതയുമില്ല.
കണ്ണാടിയിൽ നിന്ന് രാഹുൽ കടന്നു കളഞ്ഞ ചുവന്ന പോളോ കാർ ഒരു സിനിമാ താരത്തിന്റേതാണെന്നും സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ ചുവന്ന കാറിൽ മടങ്ങിയതായി പോലീസ് കണ്ടെത്തിയത്. ഇതോടെ കാറിൻ്റെ നമ്പർ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കാറിൻ്റെ ഉടമ ഒരു സിനിമാ താരമാണെന്ന വിവരം കിട്ടിയത്. അതേസമയം, കണ്ണാടിയിൽ നിന്ന് ചുവന്ന കാറിൽ മടങ്ങിയ രാഹുൽ, യാത്രയ്ക്കിടെ വാഹനം മാറ്റിയോ എന്നതിലടക്കം വ്യക്തതയില്ല.

