ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി കൂടി ഇന്നലെ രംഗത്തു വന്നിരുന്നു.
എറണാകുളം :ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. രാഹുലിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെടും. ഇതിന് അനുബന്ധ തെളിവുകളും കോടതിയിൽ ഹാജരാക്കും.
അതേസമയം കേസിന്റെ തുടർനടപടികൾ അടച്ചിട്ട കോടതി മുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പ്രോസിക്യൂഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് ആദ്യം കോടതി പരിഗണിക്കും.
സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയതിനാൽ മറ്റുള്ളവരെ ഒഴിവാക്കി ജഡ്ജി അടച്ചിട്ട മുറിയിൽ തെളിവുകൾ പരിശോധിക്കണമെന്നും ആവശ്യം. ഹർജി തീർപ്പാക്കിയ ശേഷമാകും രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുക. തുടർച്ചയായ ഏഴാം ദിനവും രാഹുൽ ഒളിവിൽ തുടരുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി രാഹുലിനായി തെരച്ചിലിനായി പ്രത്യേക സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി കൂടി ഇന്നലെ രംഗത്തു വന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിനും യുവതി പരാതി നൽകി.

