വാകയാട്ട് വീട്ടുമുറ്റത്ത് നിന്ന് യുവാക്കളെ കുറുക്കൻ ആക്രമിച്ചു
കടിയേറ്റവര്‍ നിലത്തുവീണിട്ടും കുറുക്കന്‍ ആക്രമണം തുടര്‍ന്നു
നടുവണ്ണൂര്‍: വാകയാട് യുവാക്കള്‍ക്കു നേരെ കുറുക്കന്റെ ആക്രമണം. വാകയാട് അങ്ങാടിക്ക് സമീപത്തെ വീട്ടില്‍ ജോലിക്കായി എത്തിയവർക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. കാലിനും കൈക്കും പരിക്കുണ്ട്. രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു.
കടിയേറ്റ ഇവര്‍ നിലത്തുവീണിട്ടും കുറുക്കന്‍ ആക്രമണം തുടര്‍ന്നു. ബഹളംകേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കുറുക്കൻ ഓടി മറഞ്ഞു. ഇരുവരും ബാലുശ്ശേരി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സതേടിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രദേശത്തെ വളർത്തു മൃഗങ്ങളെയടക്കം കുറുക്കൻ കടിച്ചിരുന്നു. ഭീതിപരത്തിയ കുറുക്കനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. മൃഗ സംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തി.

