നടക്കാവിൽ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം
സംഘർഷത്തിൽ അരമണിക്കൂറോളം നടക്കാവിൽ ഗതാഗതം സ്തംഭിച്ചു
നടക്കാവ്: കോഴിക്കോട് നടക്കാവിൽ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം. നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെ എത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ വാങ്ങി നൽകില്ലെന്ന് രണ്ടാമത്തെ സംഘം വ്യക്തമാക്കിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. തർക്കം ശ്രദ്ധയിൽപെട്ട ഹോട്ടൽ ജീവനക്കാർ ഇവരോട് ഹോട്ടലിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ റോഡിലിറങ്ങി ഇരു സംഘവും കയ്യേറ്റത്തിൽവരെയെത്തി.
സംഭവമറിഞ്ഞ് പൊലീസ് എത്തിയിട്ടും ഇരു സംഘവും തർക്കം തുടരുകയായിരുന്നു. ഇതിനിടെ ബോധരഹിതനായി വീണ യുവാവിനെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ അര മണിക്കൂറോളമാണ് നടക്കാവിൽ ഗതാഗതം സ്തംഭിച്ചത്. സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

