നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും
സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്.
എറണാകുളം :നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ 8 ഇന്ന് വിധി പറയും. അതിവേഗം വിചാരണ തീര്‍ക്കണമെന്ന് സുപ്രീം കോടതി പറഞ്ഞ കേസില്‍ സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. രാവിലെ 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും. ആകെ പത്ത് പ്രതികളുളള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്. ബലാല്‍സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്ന കേട്ടുകേള്‍വിയില്ലാത്ത സംഭവത്തില്‍ കേരളത്തിലെ സിനിമ രംഗത്ത് നടന്ന ക്രിമിനല്‍ സംഭവം ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടു. പ്രഥമദൃഷ്ട കഴമ്പുണ്ടെന്ന് കണ്ടു പ്രതി ദിലീപിന് സുപ്രീം കോടതി പോലും കേസിന്റെ തുടക്കനാളുകളില്‍ ജാമ്യം നിഷേധിച്ച കേസ് ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചയായിരുന്നു. സ്ത്രീ സുരക്ഷാകാര്യങ്ങളിലെ നയരൂപീകരണത്തിനും മലയാള സിനിമ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതിനും വഴിയൊരുക്കിയ കേസിലാണു വിധി പറയുന്നത്.
നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ദിലീപിനെതിരായ കേസ്. നടിയെ തട്ടിക്കൊണ്ടുപോയി സംഭവത്തില്‍, നേരിട്ട് പങ്കെടുത്ത ആറുപേരടക്കം പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. നടിയോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതാണ് ദിലീപിനെതിരെയുള്ള ആരോപണം.
കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിക്കുന്നത്. കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമന്‍, RUK അണ്ണന്‍, മീന്‍, വ്യാസന്‍ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോണ്‍ നമ്പരുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്.

