തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ
വൈകീട്ട് അഞ്ചു മണി വരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 70 ശതമാനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ. ഭേദപ്പെട്ട പോളിങ്ങാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. വൈകീട്ട് അഞ്ചു മണി വരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 70 ശതമാനം പിന്നിട്ടിരിക്കുകയാണ്. എറണാ കുളത്താണ് ഏറ്റവും കൂടുതൽ പോളിങ്(73.16ശതമാനം). ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്തും (65.74ശതമാനം). കൊല്ലം(69.11), പത്തനംതിട്ട(65.78), കോട്ടയം(69.50), ഇടുക്കി(70.00), ആലപ്പുഴ (72.57) ഇങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം.
പല പോളിങ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. എങ്കിലും ആറുമണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുണ്ട്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 11168 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

