രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
തിരുവനന്തപുരം :രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പീഡന കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന തായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.
കരഞ്ഞു കാലു പിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്തു വെന്നാണ് മൊഴി. പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാള്‍ പുറത്തു പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ബലാത്സംഗ – ഭ്രൂണഹത്യ കേസില്‍ ഇതേ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ സമയം തേടിയതിനു പിന്നാലെയാണ് കേസ് നീട്ടിയത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതിജീവിതയെ പൊതു സമൂഹത്തിനു പരിചയപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഇതേ കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ തുടരുകയാണ്.

