കുറ്റ്യാടി ചുരം റോഡിൽ ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി മറ്റൊരു പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിച്ച് അപകടം
രണ്ടു പേർക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം
കുറ്റ്യാടി:കുറ്റ്യാടി ചുരം റോഡിൽ ലോറി ബ്രേക്ക് ഡൗണായി പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിച്ച് അപകടം. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വയനാട് ഭാഗത്ത് നിന്നും ലോഡുമായി കുറ്റ്യാടി ചുരമിറങ്ങി വന്ന ലോറി ചുരം കഴിഞ്ഞുള്ള ഇറക്കത്തിൽ മുളവട്ടത്ത് വെച്ച് ബ്രേക്ക് ഡൗണാവുകയായിരുന്നു. അമിത വേഗത്തിൽ ഇറക്കമിറങ്ങി മുന്നോട്ടു കുതിച്ച ലോറി, മുന്നിൽ താഴേക്ക് തന്നെ വരികയായിരുന്ന ബേക്കറി സാധനങ്ങൾ കയറ്റിയ പിക്കപ്പ് വാൻ പിന്നിൽ നിന്നും ഇടിച്ചു തെറിപ്പിച്ചു. വാൻ പൂർണ്ണമായും തകർന്നു. വാനിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ തൊട്ടിൽപ്പാലം ഇഖ്ര ആശുപത്രിയിലേക്ക് മാറ്റി.
വാനിനെ ഇടിച്ചു തെറിപ്പിച്ച ശേഷവും ഒന്നര കിലോമീറ്റർ മുന്നോട്ട് ഓടിയ വണ്ടി ചാത്തൻ കോട്ടു നട ടൗൺ കഴിഞ്ഞ് പട്ട്യാട്ട് പാലത്തിലാണ് വന്ന് നിന്നത്. ചാത്തൻ കോട്ടുനട അങ്ങാടിയിൽ നിരവധി സ്കൂൾ വിദ്യാർത്ഥികളും, സ്കൂൾ ബസ്സും ഉൾപ്പെടെ ഉണ്ടായിരുന്നു ലോറി ലൈറ്റ് ഇട്ട് ഹോൺ മുഴക്കി വന്നതിനാൽ റോഡിലുള്ളവർ പലരും സൈഡിലേക്ക് മാറി രക്ഷപ്പെട്ടു. വൻ ദുരന്തമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.

