പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 41 വർഷം കഠിന തടവും പിഴയും
2021 ആഗസ്റ്റ് 31നായിരുന്നു കേസിനാസ്പദമായ സംഭവം
നാദാപുരം: പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 41 വർഷം കഠിന തടവും 52000രൂപ പിഴയും വിധിച്ച് കോടതി. വളയം ചെറുമോത്ത് സ്വദേശി പഞ്ചാര മൂസ ഗണപതിയാട്ട് മൂസ (64) യെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി കെ. നൗഷാദ് അലി ശിക്ഷിച്ചത്
2021 ആഗസ്റ്റ് 31നായിരുന്നു കേസിനാസ്പദമായ സംഭവം. വളയം ടൗണിലുള്ള ബസ്സ്റ്റോപ്പിൻ്റെ കെട്ടിടത്തിൽ കൂട്ടിക്കൊണ്ടുപോയി കുട്ടിയെ ലൈംഗിക അതിക്രമം നടത്തുകയും 50 രൂപ നൽകുകയുമായിരുന്നു. കുട്ടി ബന്ധുക്കളോട് കാര്യം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പോക്ക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്തായിരുന്നു കേസ്. തുടർന്ന് നാദാപുരം കൺട്രോൾ റൂം ഇൻസ്പെക്ടർ കെ ആർ രഞ്ജിത്ത് വളയം പോലീസ് ഇൻസ്പെക്‌ടർ എ. അജേഷ്, വളയം എ.എസ്.ഐഎൻ സി കുഞ്ഞുമോൾ എന്നിവരാണ് കേസിൻ്റെ അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്‌തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്ന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്‌സൺ ഓഫീസർ പി.എം.ഷാനി പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു.

