headerlogo
recents

വായു മലിനീകരണത്തില്‍ വലഞ്ഞു ഡല്‍ഹി

വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് സര്‍ക്കാര്‍.

 വായു മലിനീകരണത്തില്‍ വലഞ്ഞു ഡല്‍ഹി
avatar image

NDR News

18 Dec 2025 07:15 AM

   ഡൽഹി :വായു മലിനീകരണ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും 50 ശതമാനം വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി സര്‍ക്കാര്‍. നിര്‍ദേശം ലംഘിക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് സര്‍ക്കാര്‍.

   ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും മോശം വായുനില ഡിസംബര്‍ 15 ന് രാവിലെ 498 എക്യുഐ ‘സിവിയര്‍ പ്ലസ്’ വിഭാഗത്തില്‍ രേഖപ്പെടുത്തി. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) ഡേറ്റ അനുസരിച്ച് തൊട്ടുമുമ്പത്തെ ദിവസത്തെ തുടര്‍ച്ചയായാണ് എക്യു ഐയിലെ ഈ വര്‍ധന. പ്രതിസന്ധി പരിഹരിക്കാന്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്‍ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ ത്വരിതഗതിയില്‍ നടപ്പാക്കി. കര്‍ശനമായ മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് GRAP lV.

 നോയിഡ, ഗുര്‍ഗോണ്‍, ഫരീദാബാദ് എന്നിവ ഉള്‍പ്പെടെ നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍ മുഴുവന്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ട അഞ്ചിന പ്രവര്‍ത്തന പദ്ധതി ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി, ബിഎസ്-ആറ് മാനദണ്ഡങ്ങള്‍ക്ക് താഴെയുള്ള ഡല്‍ഹിക്ക് പുറത്തുള്ള വാഹനങ്ങളുടെ പ്രവേശനം ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. കൂടാതെ, പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിഷേധിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

  സ്‌കൂളുകളില്‍ 6 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ഫിസിക്കല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ സംയോജിപ്പിച്ച് നടത്തുന്ന ഹൈബ്രിഡ് മോഡ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം നിരവധി റോഡപകടങ്ങളു ണ്ടായി.മലിനീകരണ വിരുദ്ധ നിയന്ത്രണങ്ങള്‍ കാരണം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുന്നതിനാല്‍ നിലവില്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത രജിസ്റ്റര്‍ ചെയ്ത നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കും.

 വിമാനങ്ങള്‍ റദ്ദാക്കുന്നതിനും സര്‍വീസുകള്‍ വൈകുന്നതിനും മൂടല്‍മഞ്ഞ് കാരണമായി. മൂന്നു ദിവസത്തിനു ശേഷം ശക്തമായ കാറ്റുമൂലം മൂടല്‍മഞ്ഞ് കുറഞ്ഞത് ചൊവ്വാഴ്ച ചെറിയ ആശ്വാസം ലഭിച്ചു. ചൊവ്വാഴ്ച 354 ആയിരുന്ന എക്യുഐ ബുധനാഴ്ച രാവിലെ 329 ലേക്ക് താഴ്ന്നതും നേരിയതോതില്‍ ആശ്വാസ കരമായി.

 

NDR News
18 Dec 2025 07:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents