പാരഡിഗാനത്തിൽ 'യൂടേൺ; തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും
കേസുകളിലൊന്നും തുടർനടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം
തിരുവനന്തപുരം: 'പോറ്റിയെ കേട്ടേ' എന്ന പാരഡി ഗാനത്തിൽ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. നേരത്തെ കേസുകൾ എടുക്കാനും തുടർ നടപടികൾ വേണ്ടെന്നുവെക്കാനും സർക്കാർ തീരുമാനിച്ചു. ഗാനത്തിൽ കൂടുതൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. പാരഡിയിൽ കേസെടുക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്‌തു. പാരഡി ഗാനവും തുടർന്നുണ്ടായ സംഭവങ്ങളും ഇടതു പക്ഷത്തിന് ക്ഷീണ മുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് കേസുമായി മുന്നോട്ട് പോകാതെ സർക്കാർ പിന്തിരിയുന്നത്.
'പോറ്റിയെ കേട്ടിയേ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന പോലീസ് നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തു നൽകിയിരുന്നു. കോടതിയുടെ നിർദ്ദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നൽകിയ പരാതിയിൽ കേസെടുത്തു. പിന്നാലെ നിരവധി പരാതികൾ വന്നിരുന്നു. കേസുകളിലൊന്നും തുടർ നടപടികളിലേക്ക് കടക്കേണ്ട തില്ലെന്നാണ് തീരുമാനം. കോടതിയിൽ തിരിച്ചടി ലഭിച്ചേക്കുമെന്ന വിലയിരുത്തലാണ് സർക്കാരിനെ മാറ്റിച്ചിന്തിപ്പിച്ചത്.

