ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട രാം നാരായൺ നേരിട്ടത് സമാനതകളില്ലാത്ത മർദനം
പരുക്കിന്റെ ആഴമറിയാൻ എക്സ‌്റേ പരിശോധന നടത്തും
പാലക്കാട്: വാളയാർ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട ഛത്തീസ്‌ഗഡ് സ്വദേശി രാം നാരായൺ ഭയ്യാർ നേരിട്ടത് സമാനതകളില്ലാത്ത മർദനം. ദേഹമാസകലം വടികൊണ്ടടിച്ച പാടുകളാണ്. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരുക്കുണ്ട്. പരുക്കിന്റെ ആഴമറിയാൻ എക്സ‌്റേ പരിശോധന നടത്തും. നാലുദിവസം മുൻപാണ് രാം നാരായൺ കൂലിപ്പണിതേടി കേരളത്തിലെത്തിയത്. കള്ളനെന്ന് മുദ്രകുത്തിയാണ് നാട്ടുകാർ ഇയാളെ ക്രൂരമായി മർദിച്ചത്. ഇതുമായി ബന്ധപ്പെട്ട് 9 പേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൃത്യത്തിൽ 20ലേറെപ്പേർക്ക് പങ്കുണ്ടെന്നാണ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം. അതേ സമയം രാം നാരായണിന്റെ പോസ്റ്റുമോർട്ടം ഇന്ന് തൃശൂർ മെഡിക്കൽ കോളജിൽ നടക്കും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

