നടൻ ശ്രീനിവാസന്റെ സംസ്കാരം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ
ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം.
തൃപ്പൂണിത്തുറ :അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കി.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെ മൃതദേഹം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. സിനിമാ – സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. നടൻ മമ്മൂട്ടി ശ്രീനിവാസനെ അവസാനമായി കാണാനെത്തി യിരുന്നു. ഭാര്യ സുൽഫത്തിനൊപ്പ മാണ് മമ്മൂട്ടിയെത്തിയത്.
ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു.
മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രങ്ങൾ നൽകിയ താരമായിരുന്നു ശ്രീനിവാസൻ, 48 വർഷത്തെ സിനിമാജീവിതത്തിൽ ഇരുനൂറിലധികം ചിത്രങ്ങളിൽ ആണ് താരം വേഷമിട്ടത്. അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ തുടങ്ങിയ ചിത്രങ്ങൾ കാണാത്ത മലയാളികൾ ആരുമുണ്ടാവില്ല.

