വാളയാർ ആൾക്കൂട്ട മർദ്ദനത്തിൽ സ്ത്രീകളും പങ്കെടുത്തു
സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു
പാലക്കാട്: പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി ആൾകൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സ്ത്രീകൾക്കും പങ്കെന്ന് പൊലീസ് നിഗമനം. രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ചില സ്ത്രീകളും മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണമേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പരിശോധിക്കും. ആക്രമണത്തിൽ പതിനഞ്ചോളം പേർ പങ്കാളികളായെന്നും ഇതിൽ ചിലർ നാടുവിട്ടെന്നുമാണ് പൊലീസ് കരുതുന്നത്.
വാളയാർ അട്ടപ്പള്ളത്ത് മരിച്ച അതിഥിത്തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട കൊടും ക്രൂരതയാണ്. രാംനാരായണൻ്റെ ശരീരത്തിൽ ആസകലം മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം രാംനാരായണനെ മർദിച്ചത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പൊലീസ് അറിയിച്ചു. ബുധനാഴ്ച 3 മണിയ്ക്കാണ് സംഭവം.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാൽ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നുവർഷം മുൻപേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങൾ രാംനാരായണന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികൾ ആണ് രാം നാരായണനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടർന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികൾ സംഘം ചേർന്ന് രാംനാരായണനെ തടഞ്ഞുവെച്ചു.

