കൊല്ലാനുള്ള ഉദ്ദേശത്തോടെ രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചു: റിമാന്‍ഡ് റിപ്പോര്‍ട്ട്
മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു
പാലക്കാട്: പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശി രാംനാരായണ്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. നാലാം പ്രതിയായ ആനന്തന്‍ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതിയും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാള്‍ രാം നാരായണിന്റെ തലയില്‍ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. സാക്ഷിമൊഴികളില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് ഈ നിഗമനത്തി ലെത്തിയതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതിനിടെ രാംനാരായണിന്റെ കുടുംബവുമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ചര്‍ച്ച നടത്തി. പത്ത് ലക്ഷത്തില്‍ കുറയാത്ത ധനസഹായം നല്‍കുമെന്ന കാര്യം മന്ത്രി ഉറപ്പുനല്‍കി. മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമവും ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ വകുപ്പുകളും ചുമത്തും. കുടുംബത്തിന്റേത് പ്രതിഷേധമായി കണക്കാക്കേണ്ടതില്ല. ആകുലതകള്‍ മാത്രമാണ് പങ്കുവെച്ചതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ രാംനാരായണിന്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റെടുക്കുമെന്ന് കുടുംബം അറിയിച്ചു. രാംനാരായണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ ചെയ്യും. കുടുംബാംഗ ങ്ങളെയും നാട്ടിലെത്തിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടു. രാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കും. രാംനാരായണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാളയാറിലെ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്, ബിജെപി ക്രിമിനലുകളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ആര്‍എസ്എസിന് വേണ്ടി കൊടും ക്രൂരത ചെയ്യുന്നവരാണ് ഇത് ചെയ്തത്. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ ചെയ്യുന്ന പ്രവര്‍ത്തനം ഇവിടെ ചെയ്തു. ഇത് കേരളത്തില്‍ അംഗീകരിക്കാനാവില്ല. കര്‍ശനടപടി ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

