കുഴഞ്ഞു വീണ മന്ദങ്കാവ് സ്വദേശിയെ പ്രഥമ ശുശ്രൂഷയിലൂടെ രക്ഷിച്ച് അഗ്നിരക്ഷാനിലയം ഉദ്യോഗസ്ഥൻ
കൃത്യസമയത്ത് സി.പി.ആർ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ
നടുവണ്ണൂർ: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീണയാൾക്ക് പ്രഥമ ശുശ്രൂഷയിലൂടെ ജീവൻ തിരിച്ചുനൽകി കൊയിലാണ്ടിയിലെ അഗ്നിരക്ഷാനിലയം ഉദ്യോഗസ്ഥൻ കെ.വി.നബീൽ. സിവിൽ ഡിഫൻസ് അംഗമായ കെ.വി.നബീലിൻ്റെ സമയോചിതമായ ഇടപെടലാണ് ശ്വാസതടസ്സം അനുഭവപ്പെട്ട മന്ദങ്കാവ് സ്വദേശിക്ക് ജീവൻ തിരിച്ചുകിട്ടാൻ സഹായകരമായത്.
ഡിസംബർ 21 ഞായറാഴ്‌ച ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം. മന്ദങ്കാവിൽ വേട്ടരൻകണ്ടി ജാബിറിന്റെ വീട് കൂടലിനിടെയാണ് കുന്നുമ്മൽ കുഞ്ഞി മായൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീണത്. ഇത് ശ്രദ്ധയിൽപ്പെട്ട നബീൽ കൃത്യസമയത്ത് സി.പി.ആർ നൽകിയതിനാലാണ് കുഞ്ഞിമായന് ജീവൻ തിരിച്ചുകിട്ടിയത്.
ആംബുലൻസ് ഡ്രൈവർ തേവടത്ത് അമ്മത് കൂടെ നിഷു, റൗഫൽ എന്നിവർ ഉടനെ ഹോസ്‌പിറ്റലിൽ എത്തിച്ചു. കൃത്യസമയത്ത് സി.പി.ആർ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാനായത് ഡോക്ടർമാർ അറിയിച്ചു.

