സിപിഒ ഉമേഷ് വളളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു
സമൂഹമാധ്യമങ്ങള്‍ വഴി പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന്
തിരുവനന്തപുരം: സീനിയര്‍ സിപിഒ ഉമേഷ് വളളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പിരിച്ചുവിടാനുളള താല്‍ക്കാലിക തീരുമാനം സ്ഥിരപ്പെടുത്തി. ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയിരുന്നു ഉമേഷ്.
സമൂഹ മാധ്യമങ്ങള്‍ വഴി പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കി എന്നാരോപിച്ച് നിരവധി തവണ ഉമേഷിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. ആദ്യം പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരുന്നു. അത് താല്‍ക്കാലിക നടപടിയായിരുന്നു. അതിന് നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നത്. അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പിയുടെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനെ പരിഹസിച്ച് ഉമേഷ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇക്കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടല്‍ നടപടി സ്ഥിരമാക്കി ഉത്തരവിടുന്നത്. പിരിച്ചുവിട്ട നടപടിക്കെതിരെ ഉമേഷിന് 60 ദിവസത്തിനുളളില്‍ അപ്പീലുമായി മേലധികാരികളെ സമീപിക്കാനാകും.

