ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ജൂലൈയിൽ നേരത്തെ വരുത്തിയ വർദ്ധനവിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ നിരക്ക് പരിഷ്കരണമാണിത്.
തിരുവനന്തപുരം :ഇന്ത്യൻ റെയിൽവേ യാത്രാ നിരക്ക് വർദ്ധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ എത്തിയിരിക്കുക യാണ്. ജൂലൈയിൽ നേരത്തെ വരുത്തിയ വർദ്ധനവിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ നിരക്ക് പരിഷ്കരണമാണിത്. പുതുക്കിയ നിരക്ക് ഘടന പ്രകാരം, 215 കിലോമീറ്ററിന് മുകളിലുള്ള സാധാരണ ക്ലാസ് യാത്രകൾക്ക് ടിക്കറ്റിന്റെ നിരക്ക് കിലോമീറ്ററിന് ഒരു പൈസയും, മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നോൺ-എസി ക്ലാസുകൾക്കും എല്ലാ ട്രെയിനുകളിലെയും എസി ക്ലാസുകൾക്കും കിലോമീറ്ററിന് രണ്ട് പൈസയും വർദ്ധിക്കുമെന്ന് ആണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്.
റെയിൽവേയുടെ സുസ്ഥിരമായ പ്രവർത്തനം ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്ക് നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് ആണ് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയത്.
സബർബൻ സർവീസുകൾക്കും സീസൺ ടിക്കറ്റുകൾക്കും നിരക്ക് വർദ്ധന ബാധകമല്ല. 215 കിലോമീറ്റർ വരെയുള്ള സാധാരണ രണ്ടാം ക്ലാസ് യാത്രകൾക്ക് പഴയ നിരക്ക് തന്നെ തുടരും. ഡിസംബർ 26-നോ അതിനു ശേഷമോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് മാത്രമേ പുതിയ നിരക്ക് ബാധകമാകൂ. ഈ തീയതിക്ക് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക്, യാത്ര പുതിയ നിരക്ക് നിലവിൽ വന്ന ശേഷമാണെങ്കിലും അധിക പണം നൽകേണ്ടതില്ല.
215 കിലോമീറ്ററിന് മുകളിലുള്ള സാധാരണ യാത്രകൾക്ക് കിലോമീറ്ററിന് 1 പൈസയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലെ നോൺ-എസി ക്ലാസുകൾക്കും (സ്ലീപ്പർ, ഫസ്റ്റ് ക്ലാസ്) എല്ലാ ട്രെയിനുകളിലെയും എസി ക്ലാസുകൾക്കും (എസി 3-ടയർ, 2-ടയർ, ഫസ്റ്റ് ക്ലാസ്, ചെയർ കാർ) കിലോമീറ്ററിന് 2 പൈസ വീതം വർദ്ധിക്കും. വന്ദേ ഭാരത്, രാജധാനി, ശതാബ്ദി, ദുരന്തോ, തേജസ്, ഗതിമാൻ, അമൃത് ഭാരത്, ഗരീബ് രഥ് തുടങ്ങിയ എല്ലാ പ്രമുഖ ട്രെയിനുകളിലും നിരക്ക് വർദ്ധന ബാധകമായിരിക്കും.
സെക്കന്റ് ക്ലാസ് യാത്രക്കാർക്കുള്ള സ്ലാബുകൾ (215 കി. മീറ്ററിന് മുകളിൽ): ദൂരത്തിനനുസരിച്ച് നിശ്ചിത തുകയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്:
216 – 750 കി.മീറ്റർ: 5 രൂപ.
751 – 1,250 കി.മീറ്റർ: 10 രൂപ.
1,251 – 1,750 കി.മീറ്റർ: 15 രൂപ.
1,751 – 2,250 കി.മീറ്റർ: 20 രൂപ.

