വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ കവർച്ച: ദമ്പതികൾ പിടിയിൽ
കസബ പൊലീസും ടൗൺ അസി. കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു
കോഴിക്കോട്: വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോൺ പിടിച്ചുപറിച്ച കേസിൽ പ്രതികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ ശാന്തി നഗർ സ്വദേശി കരുവള്ളിമീത്തൽ ജോഷി (26), ഇയാളുടെ ജീവിതപങ്കാളി അക്ഷയ (26) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസി. കമ്മീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 26-നു രാത്രി എട്ടോടെ ഗംഗ തിയറ്ററിന് സമീപം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫറോക്ക് പേട്ട സ്വദേശിയെ തടഞ്ഞുവെച്ച് ആക്രമിച്ച് ഏകദേശം 30,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർന്നതായിരുന്നു കേസ്.
പഴയ കേസുകളിലെ പ്രതികളുടെ ഫോട്ടോകളും അന്നേദിവസം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് ഫ്ലയിങ് സ്ക്വാഡ് എടുത്ത ചിത്രങ്ങളും പരിശോധിച്ചാണ് പരാതിക്കാരൻ പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് ജോഷിയെ ശാന്തി നഗറിലെ വീട്ടിൽനിന്നും അക്ഷയയെ കസബ പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയായ ജോഷി കാപ്പ നിയമപ്രകാരം ആറുമാസത്തെ കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ച് അടുത്തിടെ ജയിൽ മോചിതനായ ആളാണെന്നും പൊലീസ് അറിയിച്ചു.

